2017
2017
2017
2017

 

 
 
പുണ്യ ഭൂവിന്റെ ഇടനാഴികൾ തേടി എന്ന യാത്രാവിവരണ പുസ്തകം പ്രസിദ്ധീകരിച്ചു. മതസൗഹാർദത്തിനായി കന്യാകുമാരി മുതൽ ലഡാക്ക് വരെ ഭാരത് ബുള്ളറ് യാത്ര നടത്തി. നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണി, മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പ്യൂപ്പിൾസ് റൈറ്റ്സ് എന്നിവയിൽ അംഗമാണ്. ചിതകാരി എന്ന നിലയിൽ നിരവധി ചിത്രപ്രദശ്നങ്ങളും നടത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ യാത്ര ലേഖനങ്ങൾ എഴുതുന്നു.

മടങ്ങിവരാമെന്ന യാത്രാമൊഴി

മഞ്ഞു പൊഴിയുന്ന ബേത്‌ലഹേം താഴ്വാരം. മുന്തിരി വള്ളികൾ തളിർക്കുകയും പൂത്തു സുഗന്ധം പരത്തുകയും ചെയ്യുന്ന ഗ്രാമങ്ങൾ. മാതള നാരകങ്ങൾ പൂക്കുന്ന പുലരി തേടി ജോർദാൻ, ഇസ്രായേൽ, പലസ്തീൻ, ഈജിപ്ത് നാടുകളിലൂടെ ഒരു യാത്ര 

തണുപ്പറിച്ചിറങ്ങുന്ന പുലരികൾ. നക്ഷത്ര വിളക്കുകൾ നിറയുന്ന രാവുകൾ. അങ്ങകലെ ആകാശത്തു പൊട്ടുകുത്തിയ താരകങ്ങൾ. വർഷാവസാനത്തിന്റെ നെടുവീർപ്പുകൾ. പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതു വര്ഷം. ഡിസംബർ പ്രിയപ്പെട്ടതാകാൻ ഇതിൽ കൂടുതൽ എന്ത് വേണം ?  അങ്ങനെ ആ ക്രിസ്മസ് കാലത്തു ക്രിസ്തുവിന്റെ നാട് സന്ദർശിക്കുവാൻ എനിക്കും ഒരു അവസരം കൈവന്നു. ഏതൊരു യാത്രയെയും പോലെ ഇതും എന്നിൽ വന്നു ചേരുകയായിരുന്നു. ഏറ്റവും അനുഗ്രഹീതമായ യാത്ര. 

ജോര്‍ദാന്‍-പാലസ്തീന്‍-ഇസ്രായേല്‍-സിനായ്-ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് യാത്ര.   ഹജ്ജു കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടക കേന്ദ്രമായി ജറുസലേം മാറിയിട്ടുണ്ട്. 

മാനവ ചരിത്രത്തിൽ നിർണായകമായ സ്ഥാന ചെലുത്തിയ ചെറു വിഭാഗത്തിന്റെ മണ്ണാണിത്. ലോകത്തിലെ പ്രബല മതങ്ങളായ യഹൂദ മതം, ഇസ്ലാം മതം, ക്രിസ്തു മതം എന്നിവയുടെ ജന്മ നാട്. സമാധാനത്തിന്റെ ഈ രാഷ്ട്രത്തിൽ എന്നാൽ ഇപ്പോൾ അസമാധാനത്തിന്റെ കരിനിഴൽ വീണിരിക്കുന്നു. സർവ രാജ്യങ്ങളും ഈ നാടിനെ ഉറ്റു നോക്കി ഇരിപ്പാണ്. 

തിരുവനതപുരം വിമാനത്താവളത്തിലെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒമാൻ എയർവെയ്സിൽ ഓമനിലേക്കും അവിടുന്ന് അടുത്ത ഫ്‌ളൈറ്റിൽ അമ്മാനിലെക്കുമായിരുന്നു ഞങ്ങൾ പോയത്. അയ്യായിരത്തോളം കിലോമീറ്ററുകളും കടലുകളും മരുഭൂമികളും ആകാശവും താണ്ടി ഞങ്ങൾ അമ്മൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി. വിശുദ്ധ മണ്ണിലെ ആദ്യ പാദ സ്പര്ശനം.  ലഗേജ്  ക്ലിയറൻസും ഇമിഗ്രേഷൻ ക്ലിയറൻസും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. 

അമ്മാൻ നഗരം ജോർദാന്റെ തലസ്ഥാനം ആണ്. വായിച്ചറിഞ്ഞ ജോർദാൻ കാണുവാൻ മനസ്സ് തിടുക്കം കൂട്ടി. മധ്യപൂർവ മേഖലയിലെ അറബി രാജ്യമാണ് ജോർദാൻ. ഔദ്യോഗിക ഭാഷ അറബിയാണ്. ഇരുവശത്തും വളർന്നു നിൽക്കുന്ന ഒലിവു മലകൾക്കിടയിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ടു കുതിച്ചു.

ഉച്ചയോടെ ഞങ്ങൾ മോശയുടെ നെബോ പർവത മുകളിൽ എത്തി. അവിടെ നിന്ന് നോക്കിയാൽ വാഗ്ദത്ത നാട് കാണാൻ കഴിയും. നിന്റെ സന്തതികൾക്കു നൽകുമെന്ന് അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും ശപഥം ചെയ്ത ദേശം.
ഉഷസ്സായി.. സന്ധ്യയായി ഒന്നാം ദിവസം.
കടുത്ത തണുപ്പ്. കൈയും ശരീരവും തണുത്തു മരവിച്ചു. കാറ്റ് ശക്തമാണ്.
ജോർദാൻ നഗരത്തോട് വിടപറഞ്ഞു ഞങ്ങൾ പോയത് ഇസ്രായേലിലേക്കാണ്.
പഴയ നിയമത്തിലെ ഒട്ടേറെ പ്രധാന സ്ഥലങ്ങള്‍ ഈ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സുരക്ഷാ പരിശോധയനയ്ക്കു ശേഷം മാത്രമേ ബോർഡർ  കടക്കുവാൻ അനുവാദം ലഭിക്കുകയുള്ളു.

ഗലീലി കടലിൽ കൂടെയുള്ള യാത്ര അവിസ്മരണീയമായ ഒന്നായിരുന്നു. ശാന്തമായ കടൽ. ഒരിക്കൽ  ഇളകിയാടി കാറ്റിനെയും കടലിനെയും അവിടുന്ന് ശാന്തമാക്കിയത് ഓർത്തു പോയി. ഗലീലി തടാകത്തിൽ പത്രോസിന്റെ മൽസ്യം എന്ന് അറിയപ്പെടുന്ന മൽസ്യങ്ങൾ കാണാം. അവിടെ അടുത്തായി വിശാലമായ കുന്നുംപുറവും പതിനായിരങ്ങൾക്കിരിക്കുവാൻ പ്രകൃതി ഒരുക്കിയ മടിത്തട്ടും കാണാം. ഈ ഗിരിപ്രഭാഷണ മലയിൽ വച്ചാണ് എട്ടു പ്രഭാഷണങ്ങൾ കർത്താവ് നടത്തിയത്.

ഇസ്രായേലിൽ പുതിയ നിയമ കാലത്തെ സ്ഥലങ്ങൾ എല്ലാം തന്നെ ഞങ്ങൾ സന്ദർശിച്ചു. ഹൈഫയിലുള്ള ബഹായി ടെംപിളിനെ കുറിച്ച് പറയാതെ
വയ്യ. ഈ വിശ്വ പ്രപഞ്ചം എല്ലാവരുടേതുമാണ്. ഇവിടെ യഹൂദന്റെ ദൈവമെന്നോ ഹൈന്ദവന്റെ ദൈവമെന്നോ മുസൽമാന്റെ ദൈവമെന്നോ ക്രിസ്ത്യാനിയുടെ ദൈവമെന്നോ ഇല്ല. മനുഷ്യരെ എല്ലാം സമഭാവനയോടെ കാണുന്നവനാണ് ഈശ്വരൻ.
ഏക ദൈവം, ഏക പ്രവാചക സങ്കൽപ്പം, ഏക മാനവികത എന്നിവയാണ് ബഹായി വിശ്വാസത്തിന്റെ പൊരുൾ. വിശാലമായ പൂന്തോട്ടം.അവിടെ കാണുവാൻ കഴിയും.

കാനാവിലെ വെള്ളം വീഞ്ഞാക്കിയ കല്യാണ ഭവനത്തിലേക്ക് പോയി. അവിടെ ഇപ്പോൾ ഒരു ദേവാലയം ആണ്. ദമ്പതികളായുള്ളവർ ഇവിടെ വന്നു വിവാഹ ശുശ്രൂഷ നടത്തുന്നത് കാണുവാൻ കഴിയും.

ബേതലഹേം എന്ന എന്റെ സ്വപ്ന നാട്.. ഞങ്ങൾ ബേതലഹേമിലേക്കു ചെല്ലുമ്പോൾ രാവേറെ കഴിഞ്ഞിരുന്നു. ഹൃദയ വാതിൽക്കൽ നിലാവ് തിളങ്ങുന്നു. നക്ഷത്രങ്ങൾ മന്ദാരപ്പൂ വിരിച്ച ആകാശ വിതാനത്തിലേക്കു കണ്ണ് തുറന്നു നോക്കി. കിളി വാതിലിൽ വന്നു വിളിച്ചുണർത്തി ഒരു കുഞ്ഞു സ്വപ്നം ഉണ്ട്. ബേതലഹേം എന്ന സ്വപ്നം. ദൈവത്തിന്റെ മകന്‍ മനുഷ്യശിശുവായി പിറന്നു വീണ മണ്ണാണത്. യേശു കുഞ്ഞു  മുട്ടിലിഴഞ്ഞും പിച്ചവെച്ചും വളര്‍ന്ന ഭൂമി. ബേതലഹേം കാഴ്ചകൾ എന്റെ മനസ്സിൽ കോറിയിട്ട സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. 

ടൗണ്‍ ഓഫ് ജീസസ് എന്നറിയപ്പെടുന്ന കഫർന്നഹൂമിൽ ആണ്  ക്രിസ്തു ഏറെ അത്ഭുതങ്ങള്‍ ചെയ്തത്. സുപ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയ മല, ഒലീവ് മല താഴ്‌വാരം, ലാസറിനെ ഉയർപ്പിച്ചത്, അന്ത്യ അത്താഴം, ഒറ്റിക്കൊടുത്ത മല.. അങ്ങനെ കാഴ്ചകൾ അനേകം..

ഓരോ ദിവസവും കടന്നു പോകുന്നു. യെരുശലേം നഗരത്തിലേക്ക് ഞങ്ങൾ കടന്ന ആ ദിവസം. അങ്ങിങ്ങായി  ചെറിയ പ്രക്ഷോഭങ്ങൾ. ശാന്തിയുടെ പുണ്യ ഭൂവാണിപ്പോൾ ലോക സമാധാനത്തിനു തന്നെ ഭീഷണി ആയിക്കൊണ്ടിരിക്കുന്നത്. രാത്രികാഴ്ചകൾ കാണുവാൻ ഞങ്ങൾ പുറത്തുപോയ സമയത്തു യെരുശലേം മതിലിനിപ്പുറത്തു നിന്നും കല്ലേറ് ഉണ്ടാകുന്നത് കണ്ടു. അല്പം പരിഭ്രമിച്ചു എങ്കിലും അതിവിടെ സർവ സാധാരണം ആണെന്ന് ഡ്രൈവർ പറഞ്ഞു. സുവർണ ദേവാലയവും വിലാപ മതിലും കണ്ടു ഞങ്ങൾ യാത്ര തുടർന്ന് കൊണ്ടേ ഇരുന്നു.

ദാവീദ് രാജാവിന്റെ ശവക്കല്ലറ കാണുവാൻ പോയി. കിന്നാരം വായിച്ചു കൊണ്ടിരിക്കുന്ന ദാവീദിന്റെ ഒരു വലിയ പ്രതിമ കാണുവാൻ കഴിയും. സങ്കീർത്തനങ്ങൾ  എന്റെ ഉള്ളിലും അലയടിച്ചു. മലമുകളിൽ സ്ഥിതി ചെയ്യുന്ന ആ ദേവാലയത്തിനു താഴെയായി കണ്ണെത്തിച്ചു. 
ഗ്രാമങ്ങളിൽ പോയി രാപാർക്കാൻ. മാതള നാരകങ്ങൾ പൂവിടുന്നുണ്ടോ എന്ന് നോക്കാൻ. ഈ മണ്ണിനോട് വല്ലാത്ത ഒരു പ്രണയം തോന്നി. ബെന്യാമിന്റെ ‘അഭിശഗീൻ’ എന്ന പുസ്തകത്തിലൂടെ മനസ്സ് കടന്നു പോയി.  ഓരോ വാചകങ്ങളും പ്രണയത്തിന്റെ പ്രതിധ്വനികളോടെ മനസ്സിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ചു.. "മടങ്ങി വരിക.. ശൂലേംകാരീ , മടങ്ങി വരിക..."  ശലോമോൻ രാജാവിനെ അവിടെ തന്നെ ഉപേക്ഷിച്ചു കാഴ്ചകളുടെ പറുദീസാ തേടി അടുത്ത ഇടത്തേക്ക്.

ചാവു കടലിലെ കുളി എടുത്തു പറയേണ്ട  ഒന്നാണ്. ലോകത്തിലെ ഏറ്റവും താഴ്ന്ന ഇടം. ലവണ സാന്ദ്രത വളരെ കൂടുത ആയതിനാൽ നമ്മൾ ആ കടലിൽ പൊങ്ങി കിടക്കും. എത്ര ഭാരം കൂടിയവർ ആണെങ്കിലും മുങ്ങി പോകുകയില്ല. ആ ധൈര്യത്തിൽ  ആണ് നീന്തൽ അറിയില്ലെങ്കിൽ കൂടെ ഞാനും കടലിൽ ചാടിയതു. അത്ഭുതം നിറഞ്ഞ അനുഭവം.

ഈജിപ്തിലേക്കുള്ള യാത്ര വളരെ ദൈർഖ്യം എറിയതായിരുന്നു. ഒരു പകൽ മുഴുവൻ ബസ്സിൽ. ഒരു വശത്തു ചെങ്കടൽ. മറു വശത്തു മൊട്ട മലകൾ. ഹൈവേയിൽ കൂടിയുള്ള യാത്രയ്‌ക്കൊടുവിൽ നമ്മൾ എത്തിച്ചേരുന്നത് മറ്റൊരു ഭൂഖണ്ഡത്തിലേക്കാണ്. ആഫ്രിക്കയുടെ മണ്ണിലേക്ക്.

അവിടെയും അനുഗ്രഹം പോലെ മഴയുടെ സാന്നിധ്യം ഉണ്ടായി.  റോഡിൽ നിറയെ വെള്ളം. ഈജിപ്തിന്റെ മഴ വിരളം ആണ്. മഴ വെള്ളം താഴാൻ പ്രയാസമുള്ള മണ്ണായതിനാൽ വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യത ഏറെ ആണ് എന്നുള്ളതായിരുന്നു അവരുടെ ആശങ്ക. എല്ലാവരുടെയും കണ്ണിൽ ആശങ്ക. എന്നാൽ ഞാൻ കണ്ണാടി ചില്ലിലൂടെ മഴയെ ആസ്വദിക്കുകിയയായിരുന്നു. ഓരോ ദേശത്തെ മഴ പോലും എത്ര വ്യത്യസ്തമാണ്. അധികം താമസിയാതെ കാർമേഘങ്ങൾ മാഞ്ഞു.

സൂയസ് കനാൽ; മനുഷ്യ നിർമിതമായ അത്ഭുതങ്ങളിൽ ഒന്ന്. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ കൂറ്റൻ കപ്പലുകളാണല്ലോ കടന്നു പോകുന്നത് എന്ന് ഓർത്തപ്പോൾ ശാസ്ത്രത്തിന്റെ നേട്ടത്തിൽ സന്തോഷം തോന്നി. സൂയസ് കനാലിന്റെ ഉള്ളിൽ കൂടെയുള്ള തുരങ്കത്തിലൂടെ ഞങ്ങളുടെ ബസ് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്നു. 

ഈജിപ്ത് അത്ഭുതങ്ങളുടെ നാടാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകളുടെ നാട്. സൂയസ് കനാൽ അങ്ങനെ അനവധി വിശേഷണങ്ങൾ. പിരമിഡ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഫറവോയെ ദൈവമായി കണ്ടിരുന്ന ജനത്തെ കൊണ്ട് അടിമപ്പണി എടുപ്പിച്ചു നിർമ്മിച്ചതായിരുന്നു ഓരോ പിരമിഡുകളും.  മനുഷ്യ നിർമിതമായ ഈ പിരമിഡുകളുടെ ഓരോ കല്ലും എങ്ങനെ മുകളിൽ എത്തിച്ചു എന്നത് ചിന്തകൾക്ക് അപ്പുറത്താണ്. ശാസ്ത്ര പിൻബലം ഇല്ലാതെ ഏറുന്ന ആ കാലങ്ങളിൽ നിർമിക്കപ്പെട്ട ഇവാ ഒരു അത്ഭുതം തന്നെ ആണ്.

ഈജിപ്തിലെ മറക്കാൻ കഴിയാത്ത അനുഭവമാണ് നിലോയ് നദിയിലൂടെ ഉള്ള യാത്ര. പഞ്ചനക്ഷത്ര ഹോട്ടലിനോട് സാമ്യമായ കപ്പൽ. ഒരു കൊട്ടാരത്തിലേക്കു കയറുന്നതു പോലെയുള്ള ആഡംബരം. ദീപക്കാഴ്ചകൾ അതിമനോഹരം. അലങ്കരിച്ച ആഡംബര വിളക്കുകൾ. വർണാഭമായ രാത്രി. വിഭവസമൃദ്ധമായ അത്താഴം. മേമ്പൊടിക്ക് ബെല്ലി ഡാൻസും   താനൂറാ ഡാൻസും. ബെല്ലി ഡാൻസ് ഈജിപ്തിന്റെ പരമ്പരാഗത നൃത്ത ശില്പമാണ്.

പത്തു ദിന രാത്രങ്ങൾ നീണ്ട യാത്ര   പരിസമാപ്തിയിലെത്തി. തിരയും തീരവും താണ്ടി പൊരുൾ തേടിയുള്ള യാത്ര.
അവനവനിൽ നിന്നും അപരനിലേക്കുള്ള യാത്രയാണ് ഓരോ തീർത്ത യാത്രകളും നമുക്ക് നൽകുന്ന പാഠം. ധ്യാനിരതമായ ഹൃദയത്തോടെ ആത്മ സഞ്ചാരത്തിന്റെ വഴികൾ താണ്ടി ഇനി മടക്കം. വീണ്ടും ഈ പുണ്യഭൂമിയിലേക്ക് വരുമെന്നൊരു വാക്കു ഞാനീ മണ്ണിനു കൊടുത്തുവോ...? അറിയില്ല Jo

<

Joseph scaria

എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമായി..., നല്ല വിവരണം ,ഇനിയും തുടരുക ...
Posted on : 03/24/17 08:07 am

An

<

Anilkumar CP

"അവനവനിൽ നിന്നും അപരനിലേക്കുള്ള യാത്രയാണ് ഓരോ തീര്‍ഥ യാത്രകളും നമുക്ക് നൽകുന്ന പാഠം."" ... ഒപ്പം അവനവനെ തന്നെ അറിയാന്‍ കഴിയുന്നു ഓരോ യാത്രകളിലും... യാത്രാനുഭവങ്ങള്‍ നന്നായി. ആശംസകള്‍.
Posted on : 03/18/17 04:10 am

Login | Register

To post comments for this article