2017
2017
2017
2017

 

 
 
ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. സ്വകാര്യ പവർലൈൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ. ഏറെക്കാലമായി ഡൽഹിയിൽ താമസിക്കുന്ന പട്ടാമ്പി സ്വദേശി.

കടുക് പാടങ്ങളിലെ ഒറ്റയാൻ മരങ്ങൾ

രാജസ്ഥാൻ എന്ന് കേൾക്കുക്കുബോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില കാഴ്ചകളുണ്ട്. മണലാരണ്യത്തിലൂടെ ഒഴുകുന്ന ഒട്ടകക്കൂട്ടങ്ങൾ. മൺകുടങ്ങൾ തലയിലേന്തി മരീചികപോലെ  നടന്നകലുന്ന, നിറങ്ങൾ കൊണ്ട് പൊതിഞ്ഞ പെൺകൂട്ടങ്ങൾ. രാജകൊട്ടാരങ്ങൾ, തടാകങ്ങൾ മലനിരകൾ. ഇതിനെല്ലാം പുറമെ  നാവിനെ ത്രസിപ്പിക്കുന്ന ചുവന്ന മുളകിന്റെ അതിപ്രസരം. രജപുത്രരുടെ നാട്ടിൽ എല്ലാം കൗതുകങ്ങൾ  തന്നെ.

ഒരുപാട് വിനോദസഞ്ചാരികളുടെ കണ്ണിനെ ആകർഷിച്ച തടാകങ്ങളോ ചരിത്രം മയങ്ങുന്ന കോട്ടകളിലേക്കോ പൊന്നിൻ നിറമുള്ള മരുഭൂമിയിലേക്കോ ആയിരുന്നില്ല എന്റെ യാത്ര. പിങ്ക് സിറ്റിയുടെ അരികു ചേർന്ന് സീക്കർ എന്ന ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലേക്കായിരുന്നു. എന്നും ഗ്രാമത്തിന്റെ ഉള്ളറകളിൽ ചേക്കേറി അവിടെയുള്ള നന്മമരങ്ങളുടെ സുഗന്ധമറിയാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കിട്ടിയ അവസരം പാഴാക്കാതെ  ആർഭാടത്തിന്റെ  അട്ടഹാസങ്ങളിൽ പൊതിഞ്ഞ ഇന്ദ്രപ്രസ്ഥത്തിലെ മട്ടുപ്പാവിൽ നിന്നും രണ്ടു ദിവസത്തേക്കുള്ള ഒരു ചെറിയ ഒളിച്ചോട്ടം പോലെ ആയിരുന്നു ആ യാത്ര. ലോകം മുഴുവൻ പുതുവർഷാഘോഷ തിരക്കിൽ മയങ്ങിയ ഒരു കൊച്ചു വെളുപ്പാൻ കാലത്തു മഞ്ഞിന്റെ പാളികളെ വെട്ടിമാറ്റി   തണുത്തുറഞ്ഞു കിടക്കുന്ന മണ്ണിനെ തൊട്ടുണർത്തിയായിരുന്നു യാത്ര. ദേശീയപാതയിലൂടെ ഹരിയാനയും കഴിഞ്ഞു  രാജസ്ഥാൻ തുടക്കമായി എന്ന് കാണിക്കുന്ന ബാവൽ ബോർഡർ. സമയം രാവിലെ എട്ടു മണിയായിട്ടും സൂര്യൻ മടിയനെപോലെ മഞ്ഞിൻ പുതപ്പിൽ നിന്നും തല ഉയർത്തി നോക്കിയതേ ഇല്ല. കാറിന്റെ ചില്ലുജാലകം ചെറുതായൊന്നു താഴ്ത്തിയതേ ഉള്ളൂ എല്ലിനെ തുളയ്ക്കുന്ന തണുത്ത കാറ്റ് ഉള്ളിലേക്ക് ആഞ്ഞടിച്ചു. പ്രഭാതഭക്ഷണത്തിനുള്ള സമയമായി എന്ന് വയറു പറഞ്ഞു കൊണ്ടിരുന്നു. അടുത്തുള്ള ഏതെങ്കിലും ഹോട്ടൽ എന്ന് പറയാൻ ഒന്നും കാണുന്നില്ല. കുറച്ചുകൂടെ പോയപ്പോൾ ദേശീയപാതയുടെ  ഓരം ചേർന്ന് ഹൽദിറാം ബോർഡ് കാണാൻ തുടങ്ങി. വടക്കേ ഇന്ത്യയിലെ പേര് കേട്ട വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഭക്ഷണശാല. 
അവിടെയെത്തിയപ്പോൾ നമ്മുടെ നാടിനെ ഓർമിപ്പിക്കുന്ന മസാലദോശയുടെയും സാമ്പാറിന്റെയും മണം  മൂക്കിനെ ഉണർത്തി. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം അവിടെയും ഇവിടെയും ആയി ഇരിക്കുന്നുണ്ട്. തണുപ്പിനെ അതിജീവിക്കാൻ ചൂടുള്ള കാപ്പിയും വയറിന്റെ രോദനം മാറ്റാൻ ഒരു റവദോശയും കഴിച്ചു അവിടുന്ന് ഇറങ്ങി.

പിന്നെയും മൂന്നു  മണിക്കൂർ യാത്ര വീണ്ടും. പൂത്തു നിൽക്കുന്ന കടുകുപാടം മഞ്ഞിന്റെ മുഖപടം ഇട്ടു പതുക്കെ വരാൻ തുടങ്ങി. രാത്രിയിൽ ആകാശത്തു പൂത്തു നിൽക്കുന്ന  നക്ഷത്രങ്ങളെ പോലെ ചെറിയ മഞ്ഞ പൂക്കൾ കടുകുപാടത്തെ അലങ്കരിച്ചു നിൽക്കുന്നു. ആ പൂവിനെ ഒന്ന് തൊടാനുള്ള കൊതികൊണ്ടു വണ്ടി കുറച്ചു നേരം നിർത്തി. കണ്ണെത്താദൂരം വരെ  കടുകുപാടം അതിന്റെയിടക്ക് നോക്കുകുത്തികളെ പോലെ ശിശിരം കാർന്നു തിന്ന ഒറ്റയാൻ മരങ്ങൾ. ദൂരെ സൂര്യൻ പതുക്കെ കണ്ണുതുറന്നു എന്നറിയിച്ചുകൊണ്ടു  ഇളംവെയിൽ  ചെറുകാറ്റിനൊപ്പം പരക്കുന്നു. വഴിയോരത്തു പ്രകൃതി ഉണർന്നു എന്നറിയിക്കാനായി കമ്പിളി പുതച്ച ആളുകൾ കൂനി ഇരിക്കുന്നുണ്ട്. പച്ചച്ചു നിൽക്കുന്ന പാടത്തേക്ക് ഇറങ്ങി തലയാട്ടി സ്വാഗതം ചെയ്യുന്ന മഞ്ഞപൂക്കളെ ഒന്ന് തൊട്ടപ്പോൾ മഞ്ഞിന്റെ ചൂടുള്ള സ്നേഹം വിരലുകളിലേക്കൊഴുകി.  
അവിടുന്ന് തിരിച്ചു വണ്ടിയിൽ കയറുമ്പോഴും കടുകുപൂക്കളുടെ മണം എന്നെ  പിൻതുടരുന്നുണ്ടായിരുന്നു. 

പകൽ കണ്ണ് തുറന്ന് നടക്കാൻ തുടങ്ങിയിരിക്കുന്നു. ആജാനബാഹുക്കളായ രാക്ഷസന്മാരെ പോലെ കാറിനു മുമ്പിലും പുറകെയും ഭാരം നിറച്ച ലോറികൾ ഇഴയാൻ തുടങ്ങി. ദേശീയപാതയുടെ നെറ്റിപ്പട്ടം പോലെ കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌. കാറിനെ പിടിച്ചൊന്നുലച്ചു. അത് കഴിഞ്ഞ ഒരു ചെറിയ ഞെരക്കത്തോടെ കാറിന്റെ മുൻവശത്തെ ടയറിന്റെ കാറ്റും തീരുന്നു. ഭാഗ്യം കൊണ്ട് നേരെ മുമ്പിൽ തന്നെ ടയറും പയ്‌പും വെച്ച കട. പിന്നെയാണറിയുന്നത് ടയർ പഞ്ചറുകാരുടെ അതിബുദ്ധിയാണ് ദേശീയപാതയിൽ ചെറിയ ആണികൾ വിതറി കച്ചവടമുണ്ടാക്കുകയെന്നത്. മാറ്റുവാനൊരു 10  മിനട്ടെടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെ ഞാൻ എന്റെ ക്യാമറയുമായി പുറത്തിറങ്ങി. എന്റെ ക്യാമറ നോക്കി തന്നെ  ദൂരെ നിന്ന് ഒരാൾ കഴുത്തിൽ കയറിട്ടുള്ള  ഒരെരുമയുമായി നടന്നടുക്കുന്ന. വഴിയോരത്ത് അങ്ങിങ്ങു തീ കാഞ്ഞു കുറച്ചാളുകൾ വട്ടമിട്ടു ഇരിക്കുന്നുണ്ട്. എല്ലാവരുടയും കണ്ണുകളിൽ അത്ഭുതവും ആകാംഷയും  കലർന്ന നോട്ടം. എരുമയുടെ കൂടെ  വരുന്ന ആളുടെ ഫോട്ടോ ഞാനെടുക്കാൻ ശ്രമിക്കുന്നുയെന്ന് കണ്ടപ്പോൾ അയാൾ അയാളുടെ കമ്പിളിപുതപ്പു മാറ്റി ചിരിച്ചു കൊണ്ട് പോസ് ചെയ്തു തന്നു. അത് കഴിഞ്ഞു ഞാൻ അയാളുടെ ഫോട്ടോ അയാൾക്ക് തന്നെ കാണിച്ചു കൊടുത്തു. കണ്ണുകളിൽ ഒരായിരം സ്നേഹപ്പൂക്കൾ ഒന്നിച്ചു വിരിഞ്ഞിരിന്നു ആ കണ്ണുകളിൽ. 

പിന്നെയും യാത്ര തുടർന്ന്. സീക്കർ ജില്ലയുടെ അടുത്ത് എത്താറായി. റോഡിൽ നിറയെ വലിയ ഭംഗിയുള്ള ചുവപ്പും പച്ചയും മുളകുകൾ നിര നിരയായി വിൽക്കാൻ വെച്ചിരിക്കുന്നു. ചെറിയ ഇടവഴികൾ നിറയെ ആളുകൾ. ഗോതമ്പു പാട ങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ ആ ഗ്രാമത്തിലെത്തി. സൂര്യൻ യവ്വനദശയിലായിട്ടും തണുപ്പിന്റെ ആധിപത്യം കാരണം ബലഹീനനായി കാണപ്പെട്ടു. നട്ടുച്ചക്കുള്ള ആ ഇളം വെയിലിന്റെ പുതപ്പ് തണുപ്പിനെ തടവിയപ്പോൾ പകലൊന്നു പുഞ്ചിരിച്ചു. 
ഇടവഴിപോലുള്ള റോഡിന്റെ ഇരുവശവും മൊട്ടയടിച്ച തരിശുഭൂമിപോലെ തോന്നിപ്പിക്കുന്ന വയലുകൾ. ഇടയ്ക്കു  ആകാശത്തേക്ക് കൈയ്യെത്തിപിടിക്കുന്ന കൂറ്റൻ ടവറുകൾ. അതിനു മുകളിൽ കമ്പി വലിക്കുന്ന കുറച്ചു ജോലിക്കാർ. അവരുടെ അടുത്ത് ആ ഗ്രാമത്തിലെ കുറച്ചാളുകളും ഉണ്ട്. എന്നെ കണ്ടതും എല്ലാവരുടെയും കണ്ണുകളിൽ ആദരവ്. എവിടുന്നാണ് എന്തിനാണ് എന്നൊക്കെ ഉള്ള ചോദ്യങ്ങൾ. കുറച്ചു ദൂരെ മാറി നിൽക്കുന്നുണ്ട് രണ്ടു സ്ത്രീകൾ. ഏകദേശം ഒരു 40  ഉം 60  വയസ്സ് തോനിക്കുണ്ടായിരുന്നു. ഞാൻ നേരെ അവരുടെ അടുത്തേക്ക് പോയി. അവർ ആ സ്ഥലത്തിന്റെ നോട്ടക്കാരായിരുന്നു. രാവിലെ 8  മണി മുതൽ വൈകുന്നേരം 6  മണിവരെ. ആരെങ്കിലും അവിടേക്കു അതിക്രമിച്ചുകടക്കുകയോ അവരുടെ കൃഷിസ്ഥലങ്ങൽ നശിപ്പിക്കുകയോ ചെയ്‌താൽ അവരുടെ മുഖ്യനെ അറിയിപ്പിക്കാൻ വേണ്ടി ഏർപ്പാടാക്കിയവരായിരുന്നു അവരെ. അവർ ടവർ പണിക്കാരെ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല. അവരുടെ കൃഷിസ്ഥലങ്ങൾ നാശമാവും എന്നാണ് പറയുന്നത്. ഞാൻ വെറുതെ ഒന്ന് പറഞ്ഞു നോക്കി 'വിളവുകളൊന്നും നശിപ്പിക്കാതെ അവർ അവരുടെ ജോലിയെടുക്കുമെന്ന്' . കൂടെ ഞാൻ ഇതും കൂടി പറഞ്ഞു  'ഡൽഹിയിൽ നിന്നാണ് വരുന്നതെന്ന്. എന്തെങ്കിലും നഷ്ടങ്ങൾ ഉണ്ടായാൽ സർക്കാരിൽ നിന്നും ഞാൻ വാങ്ങിച്ചുതരാമെന്ന്' അവരുടെ മുഖത്ത് വിശ്വാസം നിഴലിട്ടു. നിങ്ങൾ ഇങ്ങിനെ പറയുകയാണെങ്കിൽ അവർ അവരുടെ ജോലി ചെയ്തോട്ടെ എന്ന് അവർ ആദരപൂർവ്വം എന്നോട് പറഞ്ഞു. 


പിന്നെ ഞാൻ അവരോട്  അവരുടെ മുഴുവൻ കഥയും ചോദിച്ചു. അവർ രണ്ടു പേരും അമ്മയും മരുമകളും ആണ്. മരുമകൾ ആണ് എല്ലാം പറയുന്നത്. ഭർത്താവ് മരിച്ചു 10 കൊല്ലമായി രണ്ടു ആണ്മക്കളുണ്ട്. ഭർത്താവിന്റെ  അമ്മയെയും പഠിക്കുന്ന രണ്ടു മക്കളെയും നോക്കുന്നത് ആ 40 വയസ്സുകാരി. കഷ്ടി രണ്ടാൾക്കും ഇരിക്കാൻ പാകത്തിൽ ചാക്കുകൊണ്ടു മറച്ചു ഒരു ഷെഡുപോലെ ഉണ്ടാക്കിയിട്ടുണ്ട്. അവിടെ ചൂടികൊണ്ടു കെട്ടിയുണ്ടാക്കിയ ഒരു ചെറിയ കട്ടിലും. കട്ടിലിൽ ആ 'അമ്മ ഇരിക്കുന്നുണ്ട്. എന്നോടും അവിടെ ഇരിക്കാൻ പറഞ്ഞു. നീണ്ടു മെലിഞ്ഞ കരുവാളിച്ച മുഖം. അതിൽ ജീവിതം കുത്തിവരച്ച ചുളിവുകൾ വ്യക്തമായി കാണാം. 'ഞാനൊരു ചുരുട്ട് വലിച്ചോട്ടെ, നല്ല തണുപ്പുണ്ട്' എന്ന് ആ അമ്മയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു 'ചെയ്തോളു'. മരുമകൾ വേണ്ടാ ന്നു പറയുന്നെണ്ടെങ്കിലും അവർ അത് കേട്ടില്ല.കറുത്ത പുക മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു വിടുന്നതിനിടയിൽ അവരെന്നെ ക്ഷണിച്ചു കൊണ്ട് പറഞ്ഞു. അവിടുന്ന് 10  മിനിട്ടു നടന്നു  പോയാൽ അവരുടെ വീട് ഉണ്ട്. ചായ ഉണ്ടാക്കി തരാം. അത് കഴിഞ്ഞു ഭക്ഷണം കഴിക്കാം എന്നൊക്കെ. അപ്പോഴേക്കും സമയം ഏതാണ്ട് നാലു മണിയായി. ടവറുജോലിക്കാർ അവരുടെ അവിടുത്തെ ജോലി ചെയ്തു കഴിഞ്ഞു പോകാൻ തുടങ്ങി. എനിക്കും അവിടുന്ന് പോകേണ്ട സമയം ആയി. അടുത്ത തവണ വരുമ്പോൾ എന്തായാലും വീട്ടിൽ വരാമെന്ന് പറയുമ്പോഴും എനിക്കറിയാമായിരുന്നു ഇനി ഇവരെ വീണ്ടും കാണുകയുണ്ടാവില്യയെന്ന്. എനിക്ക് കുറച്ചു രൂപ അവർക്കു കൊടുക്കണമെന്നു തോന്നി. കാരണം അവരുടെ ദാരിദ്ര്യം ഞാൻ മണത്തറിഞ്ഞിരുന്നു. ബാഗിൽ നിന്നും കുറച്ചു രൂപയെടുത്തു ആ മരുമകളുടെ നേരെ നീട്ടി ഞാൻ പറഞ്ഞു 'ഇത് മക്കളെ പഠിപ്പിക്കാൻ വെച്ചോളൂ'. എന്റെ കൈ രണ്ടു കൂടി പിടിച്ചു അവർ പറഞ്ഞു.  'ഇത് മാത്രം വേണ്ടാ. ഞാൻ അധ്വാനിച്ച ധനം അല്ല ഇത്. ഈ പൈസ കൊണ്ട് എന്തെങ്കിലും ചെയ്‌താൽ എനിക്കതു ദഹിക്കില്ല. ഒന്നും തോന്നരുത്' എന്ന്. ഞാൻ ഞെട്ടിപ്പോയി. ഇപ്പോഴത്തെ കാലത്തും ഇങ്ങിനെയും ഉണ്ടോ. ഒരു ജോലിയും ചെയ്യാതെ ഭിക്ഷാടനം  മാത്രം ജോലിയാക്കിയ നഗരങ്ങളെ ഞാൻ ഓർത്ത് പോയി. അവരുടെ മുന്നിൽ ഞാൻ ഒരുപാട് ചെറുതായി. അവരിൽ ഞാൻ ദൈവത്തെ കാണുകയായിരുന്നു. എന്റെ കാറുവരെ അവർ എന്നെ അനുഗമിച്ചു യാത്രയാക്കി. വലിയൊരു ജീവിതപാഠമാണ് അവർ എനിക്ക് സമ്മാനിച്ചത്. Jo

<

Joseph scaria

എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടമായി..., നല്ല വിവരണം
Posted on : 03/24/17 07:58 am

K.

<

K. Girija Devi

നല്ല വിവരണം
Posted on : 12/15/17 08:51 pm

Login | Register

To post comments for this article