2017
2017
2017
2017

 

 
 
പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം നീർമിഴിപ്പൂക്കൾ. രുചിക്കൂട്ട് എന്ന പാചകപുസ്തകം, നാലഞ്ച് ആന്തോളജികളിൽ രചനകൾ. എറണാകുളം സ്വദേശി. ക്യാനഡയിൽ താമസം.

ഒരു കുടുംബം നഗരം നിർമ്മിച്ച കാഴ്ച

നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ  പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ രണ്ടാം ഭാഗം .


പരിമിതമായ സമയവും  ഒരുപാടു കാഴ്ചകളും  ഉള്ളതിനാൽ കോട്ടക്കുള്ളിൽ നിന്നും വേഗം  പുറത്തു കടന്നു. നേരെ എതിർവശത്തായി സസ്ക്കാച്യുൻ -യോർക്ക്‌ കടവാണ്. വള്ളത്തിലൂടെ കച്ചവടക്കാർ എത്തിയിരുന്ന കാലമാണ് അവിടെ. 

ആ കടവിൽ നിന്നും തിരിഞ്ഞു  നോക്കിയപ്പോൾ വഴി രണ്ടായി പിരിയുന്നതു കണ്ടു. കച്ചവടക്കാരന്റെ വേഷമണിഞ്ഞ ഒരു സീനിയർ സിറ്റിസണ്‍ ഞങ്ങൾക്കു  വഴികാട്ടിയായി. ഞങ്ങളുടെ ആദ്യ സന്ദർശനമാണെന്ന് പറഞ്ഞപ്പോൾ കോട്ടയ്ക്ക്  അടുത്തുകൂടിയുള്ളവഴിയെ പോകാൻ അദ്ദേഹം നിർദ്ദേശിച്ചു. അപ്പോഴാണത്രേ ക്രമത്തിൽ ഓരോ തെരുവും കടന്നു പോകാൻ കഴിയുക. രണ്ടാമത്തെ വഴി വീണ്ടുംവീണ്ടും സന്ദർശനത്തിനായി വരുന്നവർക്ക് പെട്ടന്ന് ലക്ഷ്യത്തിലെത്താനുള്ള  കുറുക്കു വഴിയാണ്. അങ്ങനെ തിരിച്ചു കോട്ടഭാഗത്തേക്കുതന്നെ നടന്നു. അതിനു സമീപത്തുള്ള നടപ്പാതയിലൂടെ നടന്ന ഞങ്ങളെ വരവേറ്റത് ഇന്ത്യൻ സെറ്റിൽമെന്റ് ആയിരുന്നു.

അതിനപ്പുറത്തായുള്ള റോഡു മുറിച്ചു  കടക്കാൻ കാത്തു നിൽക്കുമ്പോൾ പഴയകാലത്തെ ചവറു ശേഖരിക്കുന്ന ഒരു വണ്ടി , ഞങ്ങളെ കടന്നു പോയി. ഡ്രൈവറുടെ സൗഹൃദം ഒരു കൈവീശലിൽ ഒതുങ്ങി.
നടപ്പാത കടന്നെത്തിയത്, 1885 തെരുവിലേക്കാണ്. റെയിൽവേ വരുന്നതിനു മുൻപുള്ള കാലഘട്ടമാണ് ഈ തെരുവിൽ. കാലഘട്ടത്തെ കുറിക്കുന്ന ബോർഡിന്റെ സമീപത്തുള്ള പന്നിക്കൂടിന്റെ നാറ്റം അസഹ്യമായിരുന്നു. അതിനാൽ ആ ഭാഗത്തു നിന്നും വേഗം പോന്നു. എന്നാൽ, പിന്നീടാണ് മനസിലായത് അന്നത്തെ ചുറ്റുപാടുകൾ അതേപടി പുനരാവിഷ്ക്കരിക്കുന്നതിന്റെ ഭാഗമാണ്  ഇത്തരം മണങ്ങളുമെന്ന്.

പിന്നീട് ചെന്നു കേറിയത്‌ ബെൽറോസ്   സ്കൂളിലേക്കാണ്. 1885ൽ സ്ഥാപിതമായ ഈ സ്കൂൾ 1947 വരെ പ്രവർത്തിച്ചിരുന്നു. അന്നത്തെ അതേ കെട്ടിടം തന്നെയാണ് ഈ പാർക്കിലേക്ക് പറിച്ചു നട്ടിരിക്കുന്നത്.
എഡ്മണ്‍ഡണിലെ ആദ്യ കുടിയേറ്റക്കാരായ ഒട്ടേവൽ കുടുംബം താമസിച്ചിരുന്ന വീട്ടിലേക്കാണ് ഞങ്ങൾ പിന്നീട് പോയത്. 1880-ലാണ് ഈ കുടുംബം ഇവിടെയെത്തുന്നത്. അന്നത്തെ അവരുടെ വീടും തൊഴുത്തും കിണറുമൊക്കെ അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുന്നു. കിണർ, അന്നത്തേത് തന്നെ. വൈക്കോൽപ്പുര, നാട്ടിലെ തറവാട്ടു വീട്ടിലെ എരുത്തിലിനെ ഓർമപ്പെടുത്തി.

ഒരു നഗരം കെട്ടിപ്പടുക്കാൻ എത്തിയ കുടുംബത്തിന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം മൗനമായി, അവരുടെ മനോധൈര്യത്തിന്, പൊരുതലിന്, സഹനത്തിന്  ഒരു ബിഗ്‌ സല്യൂട്ട് .

കിണറിന്റെ അടിത്തട്ടിൽ മാത്രമേ വെള്ളം കണ്ടുള്ളൂ.... അതിലെ കപ്പിയിൽ പിടിച്ചൊന്ന് വെള്ളം കോരിയാലോ എന്നാലോചിച്ചതേയുള്ളൂ, "വേണ്ടാട്ടോ, അത് മാത്രം വേണ്ടാന്ന്...." സായിപ്പ്  കണ്ണുരുട്ടി, കൂടെ "ഫോർ യുവർ സേഫ്റ്റി" ന്നും പറഞ്ഞപ്പോ... ന്നാ പിന്നെ എന്തിനാ ഒരു പരീക്ഷണം എന്നോർത്തു  പിന്തിരിഞ്ഞു...! 

Ottwell-ന്റെ വീട്ടിൽ നിന്നും 1885 ലെ ജയിലിനുള്ളിലേക്കാണ് ഞങ്ങൾ എത്തിയത്. ജയിൽ വാർഡന്റെ  മുറിയും തടവറകളുമാണ് അവിടെ ഉണ്ടായിരുന്നത്. തടവുമുറികൾ ഇടുങ്ങിയതാണെങ്കിലും അതിൽ ഒരു കട്ടിലും മേശയും കസേരയുമൊക്കെയുണ്ട്. കാറ്റും വെളിച്ചവും കേറുന്ന മുറി തന്നെയാണ്. എന്നാലും ജയിൽ എന്നും ജയിൽ തന്നെയല്ലേ ല്ലേ....?  
അടുത്ത്  കുതിരലായമാണിത്. അന്നത്തെ ഒരു ടാക്സിസ്റ്റാന്റ് എന്നും പറയാം. യാത്രയ്ക്ക് കുതിരവണ്ടികൾ മാത്രമുണ്ടായിരുന്നതിനാൽ അതാവും ശരി. ഇവിടെ കുതിരവണ്ടികൾ സൂക്ഷിക്കുക മാത്രമല്ല, കുതിരകൾക്കുള്ള ഭക്ഷണവും വെള്ളവും ഒക്കെ ലഭ്യമായിരുന്നു. ഒപ്പം വിശ്രമസ്ഥലവും. 

ഈ തെരുവിലാണ് മെതോഡിസ്റ്റ് പള്ളി  ഉള്ളത്. 1873ൽ സ്ഥാപിതമായ ഈ പള്ളി 1978 ലാണ് എഡ്മണ്‍ഡണ്‍ പാർക്കിലേക്ക് പറിച്ചു നടപ്പെട്ടത്. അന്നന്നത്തെ വാർത്തകൾ ജനങ്ങളെ അറിയിക്കാൻ ഒരു വാർത്താപലകയാണ് അന്നുണ്ടായിരുന്നത്,അതിൽ കൈകൊണ്ട് എഴുതിവെക്കുകയായിരുന്നു. പിന്നീടാണ്‌ അച്ചടിച്ച്‌ ഒട്ടിച്ചുവെക്കാൻ തുടങ്ങിയത്. വളരെ നേർത്ത കടലാസാണ് അതിനായി ഉപയോഗിച്ചിരുന്നതത്രേ. 1878 ലാണ് ഈ കെട്ടിടം പണിതത്. ഈ പാർക്കിലെ ചുരുക്കം ചില ഒറിജിനൽ കെട്ടിടങ്ങളിൽ ഇതും പെടുന്നു.

ഈ തെരുവിൽ കാഴ്ചകൾ ചിലയിടങ്ങളിൽ ഒരു ടൈം മെഷീനിലൂടെ സഞ്ചരിക്കുന്ന പ്രതീതി. അതിനുള്ളിൽപ്പെട്ട് ആ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുമ്പോൾ സ്വയം മറന്നുപോകുന്നു.പൂർവികരെ നമിക്കുന്നു... ഒപ്പം, ആ പൈകൃതങ്ങളെ വരുംതലമുറക്കായി കാത്തു വെച്ചവരേയും.

Login | Register

To post comments for this article