2017
2017
2017
2017

 

 
 
ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു. വയനാട്ടിലെ നടവയൽ സ്വദേശി.

തുംകോ ദേഖാതോ, യെ ഖയാല് ആയാ....

കടന്നുപോകുന്ന വഴികളിലെ കാഴ്ചകൾ ഇത്തിരിപോലും മനസ്സിലുടക്കിയില്ല. എ സി കാബിനുള്ളിലാണെങ്കിലും പുറത്തെ വെയിലിന്റെ കത്തിക്കാളൽ തിരിച്ചറിയാം. കടുത്തചൂടിൽ വരണ്ടുണങ്ങിയ പ്രദേശങ്ങളാണധികവും. ആസ്ബറ്റോസ് ഷീറ്റ് ഇട്ട ചതുരപ്പെട്ടികൾ പോലെയുള്ള ചെറുവീടുകൾ. കേരളക്കാരുടെ വീടിനോടുള്ള ഭ്രമമൊന്നും ഈ ആളുകളിലേക്കൊരിക്കലും എത്തുകയില്ലായെന്ന് പ്രതീക്ഷിക്കാം. പരിഷ്ക്കാരത്തിന്റെ പരിവേഷമായ കോൺക്രീറ്റും ടൈലുമൊക്കെയിട്ട വീടുകൾ വിരളമാണെങ്കിലും ഇല്ലാതില്ല.

ഏകദേശം ആറുമണിയോടെയാണ് ബുസ്വാൾ ജംഗ്ഷനലിലെത്തിയത്. തപി നദിയുടെ അരികുചേർന്നാണ് ബുസ്വാൾ നഗരം. ഇന്ത്യൻ റയിൽവേയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ വളരെ തിരക്കേറിയ ബുസ്വാൾ സ്റ്റേഷനൊക്കെ 1850 കളിൽ തന്നെ ഇടംപിടിച്ചതാണ്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര പ്രസിദ്ധമായ അജന്ത ഗുഹകളിലേക്ക് ഇവിടെ നിന്ന് അറുപതു കിലോമീറ്റർ ദൂരമേയുള്ളു. മലനിരകളിലെ ശിലകളിൽ കൊത്തിയെടുത്ത എല്ലോറയിലെ 34 ഗുഹാക്ഷേത്രങ്ങളും അജന്തയിലെ 24 ഗുഹാക്ഷേത്രങ്ങളും ലോക സഞ്ചാരികളുടെ മുന്നിൽ എന്നുമൊരു വിസ്മയമാണ്.

പത്തുമിനിറ്റോളം സമയമുണ്ട്, പുറത്തിറങ്ങാൻ തീരുമാനിച്ചു. പഴക്കച്ചവടക്കാരുടെയും ചായയും കാപ്പിയും വിൽക്കുന്നവരുടെയും ഇടയിൽ നിന്ന് തടിയൂരി രക്ഷപ്പെടണമെങ്കിൽ ഇത്തിരി മെയ്യഭ്യാസം കൂടിയേ തീരൂ. ഹിന്ദിയോടു സാമ്യമുള്ള മറാത്തിയാണ് ഇവിടത്തെ ഭാഷ. അതിനിടയിൽ ഒരു വിരുതൻ മലയാളികളെന്നു മനസ്സിലായതിനാലാവും 'ചേച്ചിമാരെ വറൂ... വറൂ..' എന്ന് വിളിച്ചുകൂവുന്നു.

തിരക്കൊഴിഞ്ഞ ഭാഗം നോക്കിനടക്കുന്നതിടയിൽ ചാറ്റ്മസാലയുടെ പ്രലോഭിപ്പിക്കുന്ന മണം. സാമാന്യം വൃത്തിയെന്ന് തോന്നിയ ഒരു കൗണ്ടറിലേക്കു നടന്നു. മസാലപുരി, ഭേൽപുരി, ദഹിപുരി, പാനിപൂരി .... അങ്ങനെയങ്ങനെ വിവിധതരം ചാറ്റ് മസാലകളുടെ ലിസ്റ്റ്. ഓരോ പ്ളേറ്റ് പാനിപൂരിയും ഭേൽപുരിയും ഓർഡർ ചെയ്തു. പൊതുവെ കേരളത്തിൽ പ്രചാരമാവാത്ത ചാറ്റ് ഐറ്റംസ് വളരെ സ്വാദേറിയതാണ്.

മസാലചേർത്തു പുഴുങ്ങിയ കടലയും ഉരുളക്കിഴങ്ങു പൊടിച്ചതും, വളരെ കനംകുറഞ്ഞ നൂലുപോലുള്ള മിസ്ച്ചറും കൊത്തിയരിഞ്ഞ സവാളയും കൂടി യോജിപ്പിച്ച്, ചെറിയ പൂരികളിൽ ദ്വാരമിട്ട് അതിലിടുന്നു. വാളൻപുളിയും ഈന്തപ്പഴവും ശർക്കരയും കൂടിയുണ്ടാക്കിയ ചട്ടിണി ഇതിലൊഴിക്കുന്നു. പിന്നെ പച്ചമുളകും പുതിനയും കൂടി അരച്ചു ചേർത്ത, നല്ലവണ്ണം ഐസിട്ടു തണുപ്പിച്ച നേർത്തപാനി പൂരികളിലൊഴിച്ചു നിറച്ചാൽ പാനി പൂരിയായി.

പാനി നിറച്ച പൂരി ഓരോന്നായെടുത്തു വായിലിടാൻ ഇത്തിരി പ്രാക്റ്റീസ് ഒക്കെ വേണം. അറിയാതെ ബലം കൂട്ടിപ്പിടിച്ചാൽ കരുകരുപ്പുള്ള പൂരിയുടഞ്ഞു ഇട്ടിരിക്കുന്ന വേഷമെല്ലാം നാശമാകും. ‘വലിയവായിൽ’ വർത്തമാനം പറയുന്നവർക്ക് എളുപ്പമാണെങ്കിലും നല്ലവണ്ണം ശ്രദ്ധ വേണ്ടൊരു കാര്യമാണത്.

ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ വീടുകളിൽ ഉണ്ടാക്കി നോക്കണം.

എട്ടെണ്ണമുള്ള വലിയ പ്ളേറ്റ് ആയിരുന്നു ഓർഡർ ചെയ്തത്. നാലെണ്ണം വീതം കഴിച്ചപ്പോൾ ഇനിയൊന്നും ഇങ്ങോട്ടു ഇട്ടേക്കല്ലേയെന്നു വയറു ചിണുങ്ങി. ഭേൽപുരി പാർസലാക്കി. സ്വാദോടു കൂടി വയറു നിറഞ്ഞതിനാൽ വരണ്ട കാഴ്ചകൾ കണ്ടുമടുത്ത എന്റെ മനസ്സിലും ഉന്മേഷത്തിന്റെ നീരുറവകൾ ഉണർന്നു തുടങ്ങി.

വീട്ടിലേക്കു വിളിച്ച് യാതൊരു ബുദ്ധിമുട്ടും കൂടാതെ യാത്ര തുടരുന്ന കാര്യമറിയിച്ചു. അമ്മയൊക്കെ ദുഃഖവെള്ളിയാഴ്ചയുടെ പ്രധാനചടങ്ങുകളിലൊന്നായ കുരിശിന്റെ വഴി കഴിഞ്ഞെത്തിയതേ ഉള്ളു. വീടിനടുത്തുള്ള മലയിലേക്കായിരുന്നു ഇത്തവണത്തെ കുരിശുമലകയറ്റം.

പാനിപൂരിയിലെ പച്ചനിറമുള്ള പാനി, ദുഃഖവെള്ളിയാഴ്ച പള്ളിയിൽ തരുന്ന കൈപ്പുനീരിനെ ഓർമ്മപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികൾക്ക്, രുചിസമൃദ്ധമായ ഭക്ഷണമൊരിക്കലും ദുഃഖ വെള്ളിയാഴ്ച ദിവസങ്ങളിൽ പാടുള്ളതല്ല. ഒരുനേരം മാത്രം ഭക്ഷണം. മനസ്സുണ്ടായിട്ടല്ല, വീട്ടിൽ ബാക്കിയെല്ലാവരും ചെയ്യുന്നതു കൊണ്ട് ഞാനും ഒരു നേരമേ കഴിക്കാറുള്ളു.

'ഓ, ഇതൊക്കെ ഓർക്കാൻ നീയൊരു സത്യക്രിസ്ത്യാനിയാണോ ... ?' എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല. ഒരു ‘കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ’, അതിൽക്കൂടുതലായി ഒരിക്കലുമെന്റെ മതവിശ്വാസത്തെ ഉപമപ്പെടുത്താനുമാവില്ല.

യാത്ര തുടരാനുള്ള അനൗൺസ്മെന്റ് കേട്ടതും ഓടിച്ചാടി വീണ്ടും എ.സി. യുടെ കുളിർമ്മയിലേക്ക്. എരിഞ്ഞടങ്ങിയ സൂര്യനോടൊപ്പം മഹാരാഷ്ട്രയുടെ വഴികളും ഓടിമറഞ്ഞു.

തീവണ്ടിയുടെ കുതിപ്പ് ‘ഇന്ത്യയുടെ ഹൃദയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദ്ധ്യപ്രദേശിന്റെ വിരിമാറിലൂടെ ചൂളമടിച്ചുകൊണ്ട് കടന്നുപൊയ്ക്കൊണ്ടിരുന്നു.

ഇരുട്ട് പടർന്നതിനാൽ വാചകമടി കൊഴുപ്പിക്കുന്നതിലായി എന്റെ ശ്രദ്ധ. അങ്കിളിന്റെ ഹോബികളെന്തൊക്കയൊന്നു ചോദിച്ച ഞാൻ വണ്ടറടിച്ചു പോയി. ഉത്തരമായി ശ്രുതിമാധുര്യമുള്ള സ്വരത്തിൽ ജഗജിത് സിംഗിന്റെ ഗസലുകളാണൊഴുകിയെത്തിയത്. നല്ലപോലെ പാടുന്ന ഷീമയും കൂടിയായപ്പോൾ ഹാ ... ഒരു ട്രെയിന്റെ കാബിനുള്ളിലാണെന്നു പോലും മറന്നുപോയി.

"തും കോ ദേഖാ തോ, യെ ഖയാല് ആയാ ...." രണ്ടാളും കൂടി അതിമനോഹരമായി പാടി.

വാർദ്ധക്യ സഹജമായ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിന് ബാധകമായില്ല. കുറച്ചു നേരത്തെതന്നെ ചോദിക്കേണ്ടിയിരുന്നു. ഗസലുകളുടെ പതിഞ്ഞ താളവും, വിഷാദ ഭാവവുമെല്ലാം മനസ്സിന്റെയാഴങ്ങളിലേക്കിറങ്ങി, മായികമായൊരു പ്രപഞ്ചം.

അങ്കിളിനോട് വൈകാരികമായി തോന്നിയ ഇഴയടുപ്പം, അതൊന്നുകൂടി ബലപ്പെട്ടു. അങ്കിളിന്റെ മുഖം കാണുമ്പോൾ, അമ്മയുടെ ചാച്ചനാണ് ഓർമ്മയിൽ. പഴയ ചവിട്ടു നാടകക്കാരനായ ചാച്ചന് ഒരുപാടു നാടൻ പാട്ടുകൾ അറിയാമായിരുന്നു. തരക്കേടില്ലാത്തൊരു പാട്ടുകാരൻ. പള്ളിയിലെ പാട്ടുഗ്രൂപ്പിലും സജീവം. വീട്ടിൽ വരുമ്പോഴൊക്കെ നാടൻപാട്ടുകൾ പാടിപ്പഠിപ്പിക്കുക അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.

ഭക്ഷണത്തിനു ശേഷം പത്തരയോടെ എല്ലാവരും കിടക്കാനൊരുങ്ങി. എനിക്കിന്നുമൊരു കാളരാത്രിയാവുമെന്നറിയാം.

ജനാലക്കർട്ടനിടയിലൂടെ കാണുന്ന ഇരുട്ടും വെളിച്ചവും ഒളിച്ചുകളിക്കുന്ന കാഴ്ചകളിലേക്ക് കണ്ണും മനസ്സും തുറന്നുവച്ചു.

മദ്ധ്യപ്രദേശിനെക്കുറിച്ചു പഠിച്ചും

വായിച്ചുമറിഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഫ്ലാഷ്ബാക്ക്പോലെ മിന്നിമറഞ്ഞു. ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന കാലത്താണ് ചമ്പൽക്കാടുകൾ ഒളിത്താവളമാക്കിയ അധോലോക നായിക ഫൂലൻദേവിയുടെ കഥകൾ പത്രങ്ങളിലൂടെ ചൂടു വാർത്തകളായെത്തിയത്. ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കിലും ഒരു പെണ്ണിന്റെ ധൈര്യം.... അന്നത്തെ കുട്ടി മനസ്സിൽ എനിക്കതൊരു ഹരമുള്ള വാർത്തയായിരുന്നു. തന്നെ ബലാത്സംഗം ചെയ്ത 22 പേരെ ഫൂലന്ദേവിയും സംഘവും അരുംകൊല ചെയ്ത സംഭവം ബഹാമി കൂട്ടക്കൊല എന്നാണറിയപ്പെടുന്നത്.

ബുന്ദേല്ഖണ്ഡിലെ കാടുകളിൽ ശിലയിലുറഞ്ഞു കിടക്കുന്ന പ്രണയത്തിന്റെയും കാമത്തിന്റെയും ശില്പ്പ വിസ്മയങ്ങളുടെ പൂങ്കാവനമായ ഖജുരാഹോ. ഓറഞ്ചുകളുടെ നാടായ നാഗ്പൂർ, ബംഗാൾ കടുവകളുടെ വിഹാര കേന്ദ്രമായ വനമേഖലകൾ, എന്നും വേദനയുണർത്തുന്ന ഭോപ്പാൽ വാതക ദുരന്തം…

ഒന്നൊന്നായി, സമ്മിശ്ര വികാരങ്ങളുടെ കുത്തൊഴുക്ക്.

ഇറ്റാർ സിയിലെത്തിയപ്പോഴാണ് സർദാർജിക്കുട്ടൻ എണീറ്റ് വന്നത്. എന്തേ ഉറക്കം വരണില്ലേയെന്ന ചോദ്യത്തിന് കിട്ടിയ മറുപടി.

'അതെ ആ ബഡാഭായ്, വല്ലാത്ത കൂർക്കംവലി. എനിക്കുറങ്ങാനാവുന്നില്ല.'

’കിളിപറന്നുപോയെന്നോ പകച്ചുപോയെന്നോ’ എന്താണ് പറയേണ്ടതെന്നറിഞ്ഞില്ല.

ശ്രദ്ധിച്ചു നോക്കിയപ്പോൾ ഒരു മാരുതിക്കാർ നിരന്ന റോഡിൽക്കൂടി ഓടുന്ന ശബ്ദമേയുള്ളു. പിന്നെ ഇടക്കിടെ ഒരു ഗിയർമാറ്റം, വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം.

ഫുൾലോഡ് ലോറി കയറ്റം കയറുന്ന കാര്യം പറഞ്ഞാലോയെന്നു തോന്നിയെങ്കിലും വേണ്ടാന്നു വച്ചു. ആർക്കുവേണമെങ്കിലും പറ്റാവുന്നൊരു കുഞ്ഞബദ്ധം. എന്നാലും എനിക്ക് പറഞ്ഞു ചിരിക്കാനൊരു കഥയായി. ഭോപ്പാൽ എത്തുന്നതുവരെ ഓരോരോ കഥകൾ പറഞ്ഞിരുന്നു. പിന്നെ ഉറങ്ങാൻ കിടന്നു.

തലസ്ഥാനനഗരിയാണ് ഭോപ്പാൽ. ചെറിയ വനങ്ങളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശം. തൊഴിലാളികളും റിക്ഷാവലിക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരാണ് ഭോപ്പാലിലധികവും. ധനികർ മാത്രം താമസിക്കുന്ന സ്ഥലങ്ങൾ പ്രത്യേകമായുണ്ട്.

സാമാന്യം വലിയൊരു റെയിൽവേസ്റ്റേഷൻ. പുലർച്ചെ രണ്ടു മണിയാണെങ്കിലും തിരക്കിന് കുറവില്ല. ഒരുപറ്റമാളുകൾ ഞങ്ങളുടെ തൊട്ടടുത്ത കാബിനുള്ളിലേക്കു കയറുന്നു. കൂട്ടത്തിൽ അന്ധരായ രണ്ടാളുകളെ പിടിച്ചുകൊണ്ടൊരു പയ്യനും എല്ലുകൾ മാത്രമുള്ളൊരു കുഞ്ഞിനേയുമെടുത്തൊരമ്മയും. മനസ്സിനു വലിയൊരു വിങ്ങൽ. ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകളാവണം. കണ്ണുകളിൽ ഈർപ്പം പിടിക്കുന്നതിനു മുമ്പേ കർട്ടൻ വലിച്ചുനീക്കി കണ്ണിലെ കാഴ്ചകൾ മറച്ചുവച്ചു.

ഒരുതരത്തിലും മനസ്സിന് കർട്ടനിടാനായില്ല.

ലോക മനസാക്ഷിയെത്തന്നെ നടുക്കിയ ഭയാനകമായ ആ വാർത്ത കേട്ടത് രാവിലെ ഏഴു മണിക്കുള്ള ആകാശവാണി വാർത്ത വഴിയാണ്.

സാധാരണ ഗതിയിൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുറഞ്ഞ രാവിലെകളും വൈകുന്നേരങ്ങളും നടവയലിലുള്ള ഞങ്ങളുടെ അടുക്കള ഒരു യുദ്ധക്കള മാണ്. ‘അടുപ്പുംചോട്ടിൽ അമ്മയെ സഹായിക്കാൻ’ കച്ചമുറുക്കിയാവും ഓരോരുത്തതും എണീറ്റ് വരിക. അന്നൊക്കെ, വിറകടുപ്പിലെ ചൂടില്ലാത്തൊരു പ്രഭാതം ചിന്തിക്കാവുന്നതിലും ഭീകരം. സാമാന്യം വലിയൊരു അടുപ്പിൻ തറയാണെങ്കിലും എല്ലാർക്കും നിൽക്കാനുള്ള സ്ഥലമില്ല. അപ്പോപ്പിന്നെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ. റസ്ക് അല്ലെങ്കിൽ ബാർലി ബിസ്കറ്റ് കട്ടൻകാപ്പിയിൽ മുക്കി കഴിച്ചുകൊണ്ട് തീയും കാഞ്ഞൊരു നിപ്പാണ്.

ചെറിയതോതിൽ വെയിലെത്തിയാൽ അടുക്കളയിലെ സ്ഥാനം മെല്ലെ മുറ്റത്തേക്കാകും. ഒരാളുടെ മേൽ വീഴുന്ന വെയിലിനെ വേറൊരാൾ മറച്ചാൽ യുദ്ധം മുറുകും. പല്ലുകൾ കൂട്ടിയടിച്ചു ചുരുണ്ടു കൂടിയുള്ള നിൽപ്പിനിടയിലാവും പത്രത്തിനുവേണ്ടിയുള്ള പിടിവലി. ഒട്ടും ആവർത്തന വിരസതയില്ലാതെ പൂർവ്വാധികം ആർജ്ജവത്തോടെയുള്ള യുദ്ധമുറകളിലൂടെ അസ്ഥിമരവിപ്പിക്കുന്ന തണുപ്പിൽനിന്നും ഊഷ്മളമായ സൂര്യകിരണങ്ങളിലേക്ക് ഓരോ പുലരിയും ചുവടു വച്ചു.

1984 ഡിസംബർ 3 ലെ മഞ്ഞുപുതഞ്ഞ തണുതണുത്ത പ്രഭാതം. പതിവുപോലെ തിക്കും തിരക്കുമായുള്ള ബഹളത്തിനിടയിൽ വിശദമായി വായിച്ച വാർത്ത കേൾക്കാനായില്ല. വലിയ ഉച്ചത്തിൽ പാടിയും പറഞ്ഞുമിരിക്കുന്ന റേഡിയോയുടെ സ്ഥാനം മിക്കവാറും അടുക്കളയിലാവും. പ്രധാനവാർത്തകൾ എന്ന് കേട്ടതും അമ്മയുടെ ശകാരമെത്തി.

‘വാർത്ത കേൾക്കാനും സമ്മതിക്കില്ല, ഒന്ന് മിണ്ടാതിരി ക്കുന്നുണ്ടോ’.

അർദ്ധ രാത്രിയിലുണ്ടായ വാതക ചോർച്ച മൂലം ആയിരങ്ങൾ മരിച്ചു വീഴുന്നു, കണ്ണുകാണാതെയും ശ്വാസം മുട്ടിയും ആളുകൾ കുഴഞ്ഞു വീഴുന്നു. ഒരു എട്ടാം ക്ലാസ്സുകാരിയുടെ മനസ്സിന് ഉൾക്കൊള്ളാനാവുന്നതിലും ഭീകരമാണതെന്നു മനസ്സിലാക്കിത്തന്നത് പിറ്റേന്നു മുതലുള്ള മാതൃഭൂമി പത്രമാണ്. ഓരോ ദിവസവും ഒരുപാടൊരുപാട് വിവരണങ്ങൾ. വായിച്ചറിയുന്നതൊന്നും സത്യമാകരുതെന്ന് ആഗ്രഹിക്കാനല്ലേ പറ്റൂ.

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് കമ്പനിയിൽ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറിയതു മൂലമുണ്ടായ രാസപ്രവർത്തനങ്ങളുടെ ഫലമായി അമിതമർദ്ദം താങ്ങാനാവാതെ വൻതോതിൽ വിഷവാതകം അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെട്ടു. ശ്വാസനാളിയിലെ പുകച്ചിലോടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ആയിരങ്ങൾ തത്ക്ഷണം മരിച്ചു. ലോകത്തിലെ ഏറ്റവും ദാരുണമായ ആ വ്യാവസായിക ദുരന്തത്തിൽ പതിനായിരക്കണക്കിനാളുകളാണ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽത്തന്നെ മരണമടഞ്ഞത്. അന്ന് മരിച്ചു വീണവർ ഭാഗ്യമുള്ളവരെന്ന് ജീവനും കൊണ്ടിരിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം അഞ്ചേമുക്കാൽ ലക്ഷം പേരാണ് ഈ ദുരന്തത്തിനിരയായതെന്ന് കണക്കുകൾ. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജനിതവൈകല്യത്താൽ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഒട്ടും കുറവല്ല. നരകിച്ചു ജീവിക്കുന്നവരേറെയാണ്.

ഹോസ്റ്റലിൽ കൂടെയുണ്ടായിരുന്ന കൃതിക, അവളുടെ കസിൻസിൻറെ ഫോട്ടോസ് കാണിച്ചത് ഇന്നുമെന്റെ ഉള്ളുനടുക്കുന്നു. എല്ലും തോലുമായി വെറും പേക്കോലങ്ങൾ! (ഈ വാക്കുപയോഗിച്ചതിനെന്നോടവർ പൊറുക്കട്ടെ). എത്രയും പെട്ടെന്നവർ മരിക്കണേയെന്നു പ്രാർത്ഥിച്ചത്, ഉള്ളുരുകിത്തന്നെയാണ്.

കരഞ്ഞുകലങ്ങിയ മനസ്സുമായുറങ്ങി. ആറരയോടെ, ഞങ്ങൾ പോകുകയാണെന്ന് പറഞ്ഞു അങ്കിൾ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. വല്ലാത്തൊരു മാനസികാവസ്ഥ, ആരുമല്ലാതിരുന്നിട്ടും ഒന്നര ദിവസംകൊണ്ട് ആരൊക്കെയോയായി മനസ്സിൽ ഇടംപിടിച്ചവർ . എന്നെങ്കിലു മൊരിക്കൽ ഇതുപോലൊരു യാത്രയിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ റ്റാറ്റാ പറഞ്ഞു. ഓരോ യാത്രയിലും വീണുകിട്ടുന്ന ചില സുഹൃദങ്ങൾ. മനസ്സിന്റെ കോണിൽ ചെറു വെള്ളിനക്ഷത്രങ്ങളായി ഇടയ്ക്കിടെ മാത്രം പ്രകാശംപരത്തി ഒളിച്ചിരിക്കും.

ആഗ്ര കൺന്റോണ്മെന്റ് സ്റേഷനിലെത്തിയപ്പോൾ, സർദാർജിക്കുട്ടനും യാത്ര പറഞ്ഞിറങ്ങി.

ബ്രേക്ക് ഫാസ്റ്റ് ട്രെയിനിൽനിന്നു തന്നെ വാങ്ങി. ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിക്കുന്നതിനിടയിൽ അടുത്തദിവസം രാവിലെ കാണാൻ പോകുന്ന താജ്മഹൽ ആയിരുന്നു സംസാര വിഷയം.

പുറംകാഴ്ചകൾ കണ്ടിരുന്നു. ചെറിയ പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളും, പൊട്ടുകൾ പോലെ നിറയെ കുട്ടിക്കുട്ടി വീടുകളും. ചേരിയാവണം. കള്ളകൃഷ്ണന്റെ ജന്മസ്ഥലമായ ഉത്തർപ്രദേശ് സംസ്ഥാനത്തിലെ മഥുര എത്തുന്നതുവരെ കാബിനിൽ ഞങ്ങൾ മാത്രം. അവിടെനിന്നു കയറിയ ഫാമിലിയോട്, എന്തോ ഒരടുപ്പം തോന്നിയില്ല. യാത്ര അവസാനിക്കുന്നതുവരെയും അപരിചിതരായിത്തന്നെ.

സൂഫീവര്യനായ നിസാമുദീൻ ഔലിയയുടെ പേരിലുള്ള സ്റ്റേഷനിലെത്തിയപ്പോഴേക്കും തലസ്ഥാനനഗരിയുടെ പ്രൗഢി തെളിഞ്ഞു കാണാറായി. തെളിഞ്ഞ നീലാകാശത്തിനു കീഴെ തലയെടുപ്പോടെ നിൽക്കുന്ന ഗോപുരങ്ങളുടെ മിനാരങ്ങൾ സൂര്യരശ്മികളേറ്റ് മിന്നിത്തിളങ്ങുന്നു.

മനസ്സിലും ആഹ്ലാദത്തിന്റെ ആകാശഗോപുരങ്ങൾ.

റാണിയെ വിളിച്ചു ഡൽഹി എത്താറായ കാര്യം അറിയിച്ചു. യാത്ര പ്ലാൻ ചെയ്തപ്പോൾത്തന്നെ ഡൽഹിയിലെ താമസം രവിയുടയും റാണിയുടേയും വീട്ടിലാകുമെന്നുറപ്പിച്ചിരുന്നു.

അരമണിക്കൂറിനുള്ളിൽ ലാസ്റ് സ്റേഷനിലെത്തും. ഫ്രഷ് ആയി, ബാഗൊക്കെ എടുത്തുവച്ച് ഇറങ്ങാൻ റെഡിയായിരുന്നു.

രണ്ടുദിവസമായി കുതിച്ചു പാഞ്ഞു വന്ന തീവണ്ടി, ചെറിയൊരു കിതപ്പോടെഞാനിതായെത്തുന്നുവെന്നു കൂവിത്തുടങ്ങി. യാതൊരു അലോരസവും കൂടാതെ 2400- റിലധികം കിലോമീറ്ററുകൾതാണ്ടിയ കർണ്ണാടക എക്സ്പ്രസ്സ്, ന്യൂഡൽഹി സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചപ്പോൾ സമയം കൃത്യം 12 മണികഴിഞ്ഞു 12 മിനിറ്റ്.

(ജമ്മു വൈഷ്ണോദേവി ഭൈരോണ്‍ നാഥ് യാത്രാ വിവരണം തുടരും.)


Login | Register

To post comments for this article